ഇന്ദ്രപ്രസ്ഥം (New Delhi)
വളരെ നാളായുള്ള ഒരു ആഗ്രഹം ആയിരുന്നു ഇന്ത്യയുടെ തലസ്ഥാന നഗരി ആയ ഡൽഹി ഒന്ന് കാണണം എന്ന്. 2017 ഓഗസ്റ്റ് മാസം അതിനുള്ള ഭാഗ്യം സിദ്ധിച്ചു. മെൽബണിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കേണ്ടി വന്നപ്പോൾ 12 മണിക്കൂർ താമസം ഉണ്ടായിരുന്നു. അത് മാറ്റി 24 മണിയ്ക്കൂർ ആക്കി, ഒരു ദിവസം ഞങ്ങൾ കുടുംബ സമേതം ഡൽഹിയിൽ താമസിക്കുവാൻ തീരുമാനിച്ചു.
വൈകുന്നേരം 6 മണിക്ക് ഡൽഹിയിൽ എത്തി ഹോട്ടലിൽ വിശ്രമിച്ചു. രാവിലെ 8 മണി മുതൽ തന്നെ പ്രധാനപെട്ട സ്ഥലങ്ങൾ കാണുവാൻ തീരുമാനിച്ചു. കസിൻ ആയ അജിത് ഒരു ഞായറാഴ്ച മുഴുവൻ ഞങ്ങളുടെ കൂടെ ചിലവഴിക്കാനും, സ്ഥലങ്ങൾ കാണിക്കുവാനും ഉണ്ടായിരുന്നു.
കുത്തബ് മീനാർ
എയർ പോർട്ടിന്റെ അടുത്ത് നിന്നും ഏറ്റവും അടുത്ത് പോകാൻ പറ്റിയ സ്ഥലം കുത്തബ് മീനാർ ആയിരുന്നു. ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് കുത്തബ് മീനാർ.
ഒരു ഗൈഡിന്റെ സഹായത്തോടു കൂടെ കുത്തബ് മെറിന്റെ ചരിത്രം ഞങ്ങൾ മനസിലാക്കി. 1100 കളിൽ ഡൽഹി സുൽത്താൻ ആണ് കുത്തബ് മിനാറിന്റെ ആദ്യ നില പണിതത്. അടുത്ത സുൽത്താൻ1200 കളോടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. പിന്നീട് ഗോറി സാമ്രാജ്യത്തിന്റെ കാലത്തും ഇതിന്റെ നിർമ്മിതികൾ നടന്നിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.
ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.
ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധിഎന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.
ലോട്ടസ് ടെംപിൾ
കുത്തബ് മീനാർ കഴിഞ്ഞു ഞങ്ങൾക്ക് പെട്ടന്ന് എത്തിച്ചേരാവുന്ന സ്ഥലമായിരുന്നു, ലോട്ടസ് ടെംപിൾ. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തംപൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലെക്ക് തുറക്കുന്നു. നടുത്തളത്തിൽ ഏകദേശം 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൽ കൊണ്ട് നിർമിതമാണ്. ഇത് സ്ഥിതി ചെയ്യുന്നത്, ബഹാപൂർ എന്ന ഗ്രാമത്തിൽ, ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ്. 1986 ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം 2002 വരെ, ഇവിടം 500 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇത്.
ഇന്ത്യ ഗേറ്റ്
ലോട്ടസ് ടെംപിൾ കണ്ടതിനു ശേഷം ഞങ്ങൾ ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ ആയ ഇന്ത്യ ഗേറ്റ്, പാർലമെന്റ്, രാഷ്‌ട്രപതി ഭവൻ എന്നിവ കാണുവാൻ പോയി. ഇവ മൂന്നും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.
ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.
രാഷ്രപതി ഭവൻ
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവൻ. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്. 1911 ഡിസംബർ 12 ന് ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം അറിയിച്ചു. സർ എഡ്വിൻ ലുറ്റ്യൻസ് ആണ് ഈ ഭവനം രൂപകല്പന ചെയ്തത്. നാലു വർഷത്തിൽ പണി പൂർത്തിയാക്കാൻ ആസൂത്രണം ചെയ്തെങ്കിലും ഒന്നാം ലോകമഹായുദ്ധം കാരണം 19 വർഷം കൊണ്ടേ പണി പൂർത്തിയായതുള്ളൂ.
പാർലമെന്റ് മന്ദിരം
ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് പാർലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ ല്യുട്ടെൻസ്, സർ ഹെബേർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂർത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.
Kerala House ഉച്ചയൂണ്
ഞങ്ങൾ ഡൽഹിയിലെ Kerala House ൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. വളരെ മിതമായ നിരക്കിൽ നല്ല ഒരു നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റി.
രാജ് ഘട്ട്
ഉച്ചക്ക് ശേഷം ഞങ്ങൾക്ക് രണ്ടു സ്ഥലങ്ങൾ മാത്രം ആണ് സന്ദർശിക്കാനായത്. രാജ് ഘട്ട്, ഇന്ദിരാ ഗാന്ധി സ്മൃതി മണ്ഡപം.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വച്ചിരിക്കുന്നു. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.
ഗാന്ധി സ്മാരകം ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു. ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാർഥനകൾ നടക്കുന്നു.
ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ സ്ഥിതി ചെയ്യുന്നത്.
ഇന്ദിരാ ഗാന്ധി മ്യൂസിയം
വളരെ രസകരവും, ഹൃദ്യവും ആയി തോന്നിയ ഒരു സ്ഥലമാണ്, ഇന്ദിരാ ഗാന്ധി സ്മാരകം. ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ലഭ്യമായ എല്ലാ വിവരങ്ങളും, ഒരമ്മാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കല്യാണ സാരി, മരിച്ചപ്പോൾഉടുത്തിരുന്നു സാരി, ഭക്ഷണ മുറി, വായനാ മുറി, ലഭിച്ച പുരസ്കാരങ്ങൾ, സമ്മാനങ്ങൾ, രാജീവ് ഗാന്ധി മരിച്ചപ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങൾ എന്നിവ അതുപോലെ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ഇന്ദിരാ ഗാന്ധി വെടി ഏറ്റു മരിച്ച സ്ഥലം അതുപോലെ തന്നെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു.
കാണാൻ പറ്റാതെ വന്ന സ്ഥലങ്ങൾ
സമയ പരിമിതി മൂലം കാണാൻ പറ്റാതെ വന്ന ഒരു പ്രധാനപ്പെട്ട സ്ഥലം ആഗ്ര താജ് മഹൽ ആണ്. അത് പോലെ റെഡ് ഫോർട്ട്, അക്ഷർ ധാം, ലോധി ഗാർഡൻ, ഹുമയൂൺ ടോംബ്. ഇനി കൂടുതൽ സമയം ഉള്ളപ്പോൾ ഇവയെല്ലാം കൂടുതൽ വിശദമായി കാണാം എന്ന പ്രതീക്ഷയോടെ 6 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഞങ്ങൾ കൊച്ചിയിലേക്ക് മടങ്ങി.
No comments:
Post a Comment